Flash News :
English Edition
 
പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍

തൃശൂര്‍: ഇരിങ്ങാലക്കുട ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ലസ്റ്റര്‍ കുറീസ്‌ നടത്തുന്ന പ്രൈസ്‌ ചിട്ടിയ്‌ക്കെതിരെ കേന്ദ്ര നിയമമായ പ്രൈസ്‌ ചിട്ടീസ്‌ ആന്റ്‌ മണി സര്‍ക്കുലേഷന്‍ ബാനിംഗ്‌ സ്‌കീം ആക്‌ട്‌ അനുസരിച്ച്‌ ക്രൈം രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ബേബി ചാന്ദ്‌ പി.തോമസ്‌ മെയ്‌ ആറിന്‌ ( കേസ്‌ നമ്പര്‍ 6 /5/09- സിഎംപി/1257) ഇരിങ്ങാലക്കുട പോലീസിന്‌ നിര്‍ദ്ദേശം നല്‌കിയിട്ട്‌ ഒരു മാസം കഴിഞ്ഞെങ്കിലും എഫ്‌ഐആര്‍ തയാറാക്കാനുള്ള അന്വേഷണം തുടരുകയാണ്‌.

പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം എഫ്‌ഐആര്‍ തയാറാക്കാനാണ്‌ നിയമമെങ്കിലും വമ്പന്മാര്‍ കുറിക്കമ്പനികള്‍ക്ക്‌ പുറകില്‍ ഉള്ളതുകൊണ്ട്‌ അന്വേഷണം വളരെ മന്ദഗതിയിലാണ്‌ നടക്കുന്നതെന്ന്‌ ധനപരമായ നിക്ഷേപങ്ങള്‍ നടത്തുന്ന ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനും മാര്‍ഗ നിര്‍ദ്ദേശം നല്‌കുന്നതിനുമുള്ള സംഘടനയായ ധനശ്രീ സര്‍വീസ്‌ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. പ്രതിയെയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക്‌ വിളിച്ചു വരുത്തി കാര്യങ്ങള്‍ പരിഹരിക്കാനാണ്‌ പോലീസിന്റെ ശ്രമം. ഇതിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്‌ മേലുദ്യോഗസ്ഥന്മാര്‍ക്ക്‌ പരാതി കൊടുക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ഇതിനോടകം ലസ്റ്റര്‍ കുറീസ്‌ ചെയര്‍മാന്‍ കമ്പനിയില്‍ നിന്നും രാജി വച്ചിട്ടുണ്ട്‌. 8,81,000 രൂപയാണ്‌ ലസ്റ്റര്‍ കുറീസ്‌ രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനിക്കു മുമ്പാകെ വച്ചിരിക്കുന്ന കമ്പനിയുടെ മൂലധനമായി കാണുന്നത്‌.
എന്നാല്‍ കോടികളുടെ കുറികളും ലക്ഷങ്ങളുടെ പ്രൈസുമാണ്‌ ഇവര്‍ നടത്തുന്നത്‌. ഇതുപോലെ നിരവധി പ്രൈസ്‌ ചിട്ടികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ തൃശൂരുണ്ട്‌. ഇതില്‍ നിന്ന്‌ വന്‍ നഷ്‌ടങ്ങളാണ്‌ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക്‌ വരുന്നത്‌.

മാധ്യമങ്ങള്‍ക്കും മറ്റുമായി കോടികളുടെ പരസ്യ തുകയാണ്‌ ലഭിക്കുന്നത്‌. ഇതിനോടകം തന്നെ കുറിക്കമ്പനികളില്‍ കുറിക്ക്‌ ഈട്‌ നല്‌കി പണം നിക്ഷേപിച്ചവര്‍ തുക പിന്‍വലിച്ച്‌ മറ്റ്‌ ബാങ്കുകളില്‍ ഡെപ്പോസിറ്റ്‌ ചെയ്യുകയാണ്‌.
ചിട്ടികള്‍ക്ക്‌ സമ്മാനങ്ങള്‍ ഏതാനും പേര്‍ക്ക്‌ മാത്രം നല്‌കി നടത്തുന്ന പ്രൈസ്‌ ചിട്ടി സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും 5,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌. ഇത്തരം സ്ഥാപനങ്ങളുടെ രേഖകളും മറ്റും പിടിച്ചെടുക്കാന്‍ സ്ഥലത്തെ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക്‌ നിയമം അനുസരിച്ച്‌ അധികാരം ഉണ്ട്‌.

ചെറിയ തുകയ്‌ക്ക്‌ പോലും കുറിക്കമ്പനികള്‍ കുറി ജാമ്യക്കാരുടെ വസ്‌തുവകകള്‍ പിടിക്കുന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ കുറിക്ക്‌ ജാമ്യം നില്‌ക്കുവാന്‍ ഈ സാഹചര്യത്തില്‍ ആളുകള്‍ തയാറാവുന്നില്ല. ഇതു മൂലം കുറിക്കമ്പനിക്കാര്‍ തടിച്ചു കൊഴുക്കുന്നു എന്നു മാത്രം. ജില്ലയിലെ പ്രമുഖ കുടുംബങ്ങളിലുള്ളവര്‍ കുറിക്കമ്പനികളുടെ പ്രമുഖ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചു കുടുംബത്തിന്റെ പേര്‌ രക്ഷിക്കാനും നോക്കുന്നുണ്ട്‌.

തൃശൂരില്‍ പ്രത്യേകിച്ച്‌ ഇരിങ്ങാലക്കുടയില്‍ കാര്യ ലബ്‌ധിക്കു വേണ്ടി കുറി നിയമങ്ങള്‍ മറച്ചു വയ്‌ക്കുന്ന പല അഭിഭാഷകരും കുറി നടത്തിപ്പുകാരാണ്‌. അവര്‍ക്കെതിരെ അന്വേഷണം നടത്തുവാന്‍ സെന്റര്‍ ബാര്‍ കൗണ്‍സിലിലും കമ്പനി നിയമങ്ങളെ കാറ്റില്‍ പറത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‌കുവാനും ധനശ്രീ സര്‍വീസ്‌ സൊസൈറ്റി നടപടി സ്വീകരിക്കും. ഉപഭോക്താവിന്റെ പേരില്‍ നിലനില്‌ക്കുന്ന ചില കണ്‍സ്യൂമര്‍ പ്രവര്‍ത്തകരും കുറി കമ്പനികളുടെ വക്താക്കളായി മാറുന്ന സംഭവവും ഇതിനോടകം ഉണ്ടായിട്ടുണ്ട്‌.

ഇരിങ്ങാലക്കുട അഭിമാന്‍ കുറീസിനെതിരെ ധനശ്രീ സര്‍വീസ്‌ സൊസൈറ്റി ചൂണ്ടിക്കാട്ടിയ പണമിടപാടുകളുടെ തെളിവെടുപ്പില്‍ സാക്ഷി മൊഴി എടുത്താല്‍ കമ്പനിയുടെ രജിസ്‌ട്രേഷന്‍ പോകുക വരെ ഉണ്ടാകാവുന്നതാണ്‌. ഇതു മറ്റു കമ്പനികള്‍ക്കും ബാധകമാകാം. ഇക്കാര്യത്തില്‍ റിസര്‍വ്‌ ബാങ്കും കമ്പനി രജിസ്റ്റാറും വേണ്ട അന്വേഷണം നടത്തുന്നുണ്ട്‌. ധനശ്രീ സര്‍വീസ്‌ സൊസൈറ്റിക്കും ഉപഭോക്താക്കള്‍ക്കു വേണ്ടിയും അഭിഭാഷകരായ അഡ്വ. പി. പ്രമോദും വി.മണികണ്‌ഠന്‍, ലക്ഷ്‌മി പ്രമോദ്‌, മധു ബി. തോപ്പില്‍ എന്നിവരാണ്‌ കേസുകളില്‍ ഹാജരാകുന്നത്‌.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com