Flash News :
English Edition
 
വനിതാ സംവരണ ബില്ലിന് ഒടുവില്‍ ശാപമോക്ഷം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന് ഒടുവില്‍ ശാപമോക്ഷം. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം രാജ്യസഭ വോട്ടിനിട്ട് പാസാക്കി. ഇതോടെ ബില്‍ നിയമമാകാനുള്ള ആദ്യ കടമ്പ കടന്നു. ചരിത്രപ്രധാനമായ ബില്ലിനെ രാജ്യസഭയില്‍ 186 പേര്‍ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം എതിര്‍ത്തതും ശ്രദ്ധേയമായി. സ്വതന്ത്ര ഭാരത് പാര്‍ട്ടിയിലെ ശരത് ജോഷിയാണ് ബില്ലിനെ എതിര്‍ത്തത്. ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച കക്ഷികളെല്ലാം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ബില്‍ പരിഗണിക്കാമോ എന്ന വിഷയത്തില്‍ വോട്ട് ചെയ്ത 166 അംഗങ്ങളില്‍ 165 പേര്‍ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം എതിര്‍ത്തു.തുടര്‍ന്ന് ബില്ലിലെ ഓരോ വ്യവസ്ഥയിന്മേലും വോട്ടിങ് നടന്നു. ഇതിലും ചില വ്യവസ്ഥകളില്‍ ഒരാള്‍ മാത്രം തന്റെ എതിര്‍പ്പ് തുടര്‍ന്നു. രാജ്യസഭ അംഗീകരിച്ച ബില്‍ ഇനി അടുത്തയാഴ്ച ലോക്‌സഭ പരിഗണിക്കും. ഇരുസഭകളിലും ബില്‍ പാസായാലും അത് നിയമമാകാന്‍ വീണ്ടും സമയമെടുക്കും. പകുതി സംസ്ഥാനങ്ങളിലെ നിയമസഭകള്‍ അംഗീകരിച്ച് പ്രമേയം പാസാക്കിയാലേ ഭരണഘടനാ ഭേദഗതി ബില്‍ നിയമമാക്കാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാകൂ.1996 ല്‍ ലോക്‌സഭയിലാണ് ചരിത്രപ്രധാനമായ ബില്‍ ആദ്യം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പിന്നീട്ട് എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് 1998 ലും 99 ലും 2002 ലും 2003 ലും ലോക്‌സഭയില്‍ ബില്‍ പരിഗണിച്ചെങ്കിലും എതിര്‍പ്പ് മൂലം അംഗീകരിക്കാന്‍ കഴിയാതെപോകുകയായിരുന്നു.പാര്‍ലമെന്റിനെ അപമാനത്തിലാഴ്ത്തിയ രണ്ടുദിവസത്തെ പ്രതിഷേധ രംഗങ്ങള്‍ക്കൊടുവിലാണ് ഇന്ന് രാജ്യസഭ ബില്‍ ചര്‍ച്ചചെയ്ത ശേഷം അംഗീകരിച്ചത്. ഡിവിഷന്‍ വോട്ടിനു ബില്ലിനെ പ്രതികൂലിച്ചവര്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുന്നതിനിടയില്‍ ചെയര്‍മാന്‍ ഹമീദ് അന്‍സാരി ബില്ല് സഭയില്‍ പരിഗണിക്കാനുളള അനുമതി ശബ്ദവോട്ടിലൂടെ പാസാക്കി അന്തിമചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. ബഹളക്കാരെ ബലം പ്രയോഗിച്ച് പുറത്താക്കിയതിനു ശേഷമുളള സമാധാന അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നത്. ബി.എസ്.പി, ജനതാദള്‍ എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്നീ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എതിര്‍പ്പുമായി രംഗത്തെത്തിയ കക്ഷികളിലെ അംഗങ്ങളെല്ലാം വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.വനിതാ ദിനമായ മാര്‍ച്ച് എട്ടിന് രാവിലെ സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ലോക് ജനശക്തി, ബി.എസ്.പി. എന്നീ പാര്‍ട്ടികളിലെ എം.പി.മാര്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ രണ്ടു മണിവരെ നടപടികള്‍ വീണ്ടും നിര്‍ത്തിവച്ചു.ഉച്ചയ്ക്ക് ശേഷം വീണ്ടും സഭ കൂടിയ ഉടന്‍ ബി.ജെ.പിയ്ക്ക് വേണ്ടി അരുണ്‍ ജെയ്റ്റിലിയെ ചര്‍ച്ചയ്ക്ക ക്ഷണിച്ചെങ്കിലും പ്രതികൂലികള്‍ ബഹളം വെച്ചു. തുടര്‍ന്ന് സ്പീക്കര്‍ വോട്ടിങ്ങ് നടപടികള്‍ സ്വീകരിച്ചു. ശബ്ദായമാനമായ അന്തരീക്ഷത്തില്‍ ആദ്യം ബില്ല് ശബ്ദ വോട്ടിനിട്ടു. തുടര്‍ന്ന് ഡിവിഷന്‍ വോട്ടിന് മുമ്പായി പ്രതിപക്ഷത്തിനു വേണ്ടി അരുണ്‍ ജെയ്റ്റിയും ഭരണപക്ഷത്തിനു വേണ്ടി ജയന്തി നടരാജനും സഭയെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, എ.രാജ തുടങ്ങിയവര്‍ ഉള്‍പ്പടെയുളള എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. തിങ്കളാഴ്ച രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയ ഏഴ് എം.പിമാരെ ചെയര്‍മാന്‍ ഇന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു. കിഷോര്‍ യാദവ്, കമാല്‍ അക്തര്‍, അമീര്‍ ആലം ഖാന്‍, വീര്‍പാല്‍ സിങ് യാദവ് (എസ്.പി), സുഭാഷ് യാദവ് (ആര്‍.ജെ.ഡി) സാബിര്‍ അലി (ലോക് ജനശക്തി), ഇജ്ജാസ് അലി (ജനതാദള്‍ യുണൈറ്റഡ്) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലാവധി തീരുംവരെയാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ സസ്‌പെന്‍ഷനിലായവര്‍ പുറത്തുപോകാന്‍ കൂട്ടാക്കാതെ നടുക്കളത്തില്‍ ഇറങ്ങി നിന്ന് ബഹളം വെച്ചു. ഇവരെ ബലം പ്രയോഗിച്ച് പിന്നീട് സഭയില്‍ നിന്ന് നീക്കുകയായിരുന്നു.വനിതാ സംവരണ ബില്ലിനെ ചരിത്രപരമായ നിയമനിര്‍മ്മാണമെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിശേഷിപ്പിച്ചത്. ബില്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന ചില അംഗങ്ങളുടെ പ്രസ്താവന അദ്ദേഹം നിഷേധിച്ചു. ന്യൂനപക്ഷ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. വനിതാ സംവരണ ബില്ലിന്മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ഇതിന് ശേഷം നിയമമന്ത്രി വീരപ്പ മൊയ്‌ലിയുടെ പ്രസംഗത്തോടെ ചര്‍ച്ച പൂര്‍ത്തിയാക്കി ബില്‍ വോട്ടിനിട്ടത്.

 

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com