Flash News :
English Edition
 
രാജ്യസഭാ സീറ്റ്‌: എല്‍ഡിഎഫില്‍ തര്‍ക്കം രൂക്ഷം
തിരുവനന്തപുരം: രാജ്യസഭാ സീറ്റ്‌ സംബന്ധിച്ച്‌ ഇടതുമുന്നണിയിലെ തര്‍ക്കം രൂക്ഷമാകുന്നു. സീറ്റ്‌ നല്‌കിയില്ലെങ്കില്‍ മുന്നണി വിടാന്‍ ഇന്നലെ ചേര്‍ന്ന ആര്‍എസ്‌പി നേതൃയോഗം തീരുമാനിച്ചതോടെയാണ്‌ എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായത്‌. ഒഴിവുള്ള രണ്‌ടു സീറ്റും ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചിരുന്നു. തുടര്‍ന്ന്‌ രാജ്യസഭാ സീറ്റ്‌ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫ്‌ യോഗത്തില്‍ അവര്‍ ഇക്കാര്യം പ്രഖ്യാപിച്ചു.എന്നാല്‍, സീറ്റ്‌ വേണമെന്ന നിലപാടില്‍നിന്നു പിന്നോട്ടു പോ കാന്‍ ആര്‍എസ്‌പി തയാറായില്ല. ഇതിനെത്തുടര്‍ന്ന്‌ ഇടതുമുന്നണിയോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതിനു പിന്നാലെയാണ്‌ ആര്‍എസ്‌പി നേതൃയോഗം ചേര്‍ന്ന്‌ സീറ്റു കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ല എന്നു പ്രഖ്യാപിച്ചിരിക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത്‌ ഇടതുമുന്നണിയെ പിടിച്ചുലച്ച സീറ്റ്‌ വിവാദം വീണ്‌ടും ഇടതുമുന്നണിയില്‍ കൊടുങ്കാറ്റുയര്‍ത്തുമെന്ന സൂചനകളാണ്‌ പുറത്തുവന്നിരിക്കുന്നത്‌.അന്നും ഒരുവശത്ത്‌ സിപിഎം ആയിരുന്നു. സിപിഐയും ജനതാദളുമാണ്‌ ലോക്‌സഭാ സീറ്റ്‌ പ്രശ്‌നത്തില്‍ സിപിഎമ്മുമായി ഇടഞ്ഞത്‌. ജനതാദള്‍ എല്‍ഡിഎഫിനു പുറത്തേക്കു പോകുന്നതിലാണ്‌ സംഭവങ്ങള്‍ അവസാനിച്ചത്‌. ഇതിന്റെ അലകള്‍ അടങ്ങുംമുമ്പേയാണ്‌ രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം എല്‍ഡിഎഫിന്‌ കീറാമുട്ടിയാകുന്നത്‌.രാജ്യസഭാ സീറ്റ്‌ കാര്യത്തില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ നയം അംഗീകരിച്ച്‌ മുന്നണിയില്‍ കടിച്ചു തൂങ്ങേണ്‌ടതില്ലെന്ന അഭിപ്രായമാണ്‌ സംസ്ഥാന നേതൃയോഗത്തില്‍ ഉയര്‍ന്നത്‌. 11ന്‌ ചേരുന്ന ആര്‍എസ്‌പി സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം ഔദ്യോഗികമായ തീരുമാനം മുന്നണി നേതൃത്വത്തെ അറിയിക്കും. സീറ്റിനു വേണ്‌ടി ആര്‍എസ്‌പി രണ്‌ടും കല്‌പിച്ച നിലപാടുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ മുന്നണിയിലെ ഘടകകക്ഷി ബന്ധങ്ങള്‍ ശിഥിലമാകുന്ന തലത്തിലേക്കു കാര്യങ്ങള്‍ നീങ്ങി. സീറ്റു നല്‌കാന്‍ സിപിഎം തയാറാകാത്തപക്ഷം മുന്നണി ബന്ധം ഉപേക്ഷിക്കണമെന്ന്‌ ആര്‍എസ്‌പി യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. ഇക്കാര്യം 11ന്‌ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാമെന്നും അന്നു തന്നെ ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ ശക്തമായി ഉന്നയിക്കാമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്‌ണപിള്ള പറഞ്ഞു. രാജ്യസഭയിലേക്ക്‌ ഇടതുമുന്നണിക്ക്‌ വിജയിക്കാവുന്ന രണ്‌ടു സീറ്റില്‍ ഒന്ന്‌ തങ്ങള്‍ക്കു വേണമെന്ന്‌ ആര്‍എസ്‌പി നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അവര്‍ സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തിരുന്നു. തങ്ങള്‍ക്കു കഴിഞ്ഞ തവണ സീറ്റ്‌ ലഭിച്ചില്ലെന്നും അക്കാരണത്താല്‍ ഇക്കുറി നിര്‍ബന്ധമായും സീറ്റ്‌ വേണമെന്നുമാണ്‌ ആര്‍എസ്‌പി നേതൃത്വത്തിന്റെ ആവശ്യം. കൊല്ലം ലോക്‌സഭാ സീറ്റു പോലും സിപിഎം ഏറ്റെടുത്തു. ഇത്രത്തോളം വിട്ടുവീഴ്‌ച ചെയ്‌ത സാഹചര്യത്തില്‍ ഇപ്പോഴത്തെ രാജ്യസഭാ സീറ്റിന്‌ അര്‍ഹതയുണെ്‌ടന്നാണ്‌ വാദം.എന്നാല്‍, കഴിഞ്ഞ തവണ ഒഴിവുവന്ന രാജ്യസഭാ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തപ്പോള്‍ നിരസിച്ച ആര്‍എസ്‌പി അതിന്റെ പേരില്‍ ഇപ്പോള്‍ സീറ്റു ചോദിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നാണ്‌ സിപിഎമ്മിന്റെ സമീപനം. ഇതിന്റെ പേരില്‍ ആര്‍എസ്‌പി ഇടഞ്ഞാലും സിപിഎം കാര്യമാക്കില്ല.കഴിഞ്ഞ തവണ കൊല്ലം ലോക്‌സഭാ സീറ്റ്‌ നല്‌കിയില്ലെങ്കില്‍ എന്‍.കെ പ്രേമചന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പിന്‍വലിക്കുമെന്ന്‌ ആര്‍എസ്‌പി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ഈ ഭീഷണിക്കു വഴങ്ങാതെ സിപിഎം കൊല്ലം സീറ്റ്‌ ഏറ്റെടുത്തു. മറ്റൊരു മാര്‍ഗവുമില്ലാതെ മന്ത്രി രാജിവയ്‌ക്കുമെന്ന തീരുമാനം പിന്‍വലിക്കുകയാണ്‌ ആര്‍എസ്‌പി ചെയ്‌തത്‌. അതുപോലെ രാജ്യസഭാ സീറ്റ്‌ നല്‌കിയില്ലെങ്കിലും ആര്‍എസ്‌പി കൂടുത ലൊ ന്നും ചെയ്യാനില്ലെന്നാണ്‌ സിപിഎമ്മിന്റെ കണക്കു കൂട്ടല്‍.
 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com