Flash News :
English Edition
 
സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും

കോട്ടയം: സത്യം കമ്പ്യൂട്ടേഴ്‌സിന്റെ വീഴ്‌ച ഷെയര്‍ ഹോള്‍ടേഴ്‌സിന്‌ അഥവാ നിഷേപകര്‍ക്ക്‌ നഷ്‌ടം വരുത്തിയിരിക്കുന്നു എങ്കില്‍ തൃശൂര്‍ ജില്ലയിലെ രണ്ടായിരത്തോളം കുറി കമ്പനികള്‍ നടത്തുന്ന കോടികളുടെ പണമിടപാട്‌ സാധാരണക്കാരായ സബ്‌സ്‌ക്രൈബേഴ്‌സിനെ ( വരിക്കാരെ ) കടക്കെണിയിലാക്കുവാന്‍ പര്യാപ്‌തമായ ഒരു തട്ടിപ്പിന്‌ കളമൊരുക്കുകയാണെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ ധനശ്രീ സര്‍വീസ്‌ സൊസൈറ്റി പ്രസിഡന്റ്‌ എ.പി.ജോയി, സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വരിക്കാരെ നീണ്ട കാലത്തെ ബാധ്യതയിലേക്ക്‌ തള്ളി വിടുന്നതു കൂടാതെ പരസ്യ മാര്‍ഗങ്ങളില്‍ കൂടി ആകര്‍ഷിക്കുന്നതിനു വേണ്ടി നിരവധി സമ്മാന പദ്ധതികളും ലക്ഷങ്ങളുടെ ഓഫറുകളും കമ്പനികള്‍ നല്‍കുന്നു. എന്നാല്‍ കമ്പനിയുടെ ഷെയര്‍ ക്യാപിറ്റല്‍ വളരെ പരിമിതവും കുറി നടത്തിപ്പുകാര്‍ക്ക്‌ നഷ്‌ടപ്പെടുവാന്‍ അധികമായി ഒന്നുമില്ലാത്ത വ്യവസ്ഥയുമാണ്‌ നിലവില്‍ ഉള്ളത്‌. ഇത്‌ കേന്ദ്ര ഏജന്‍സിയെ കൊണ്ട്‌ അന്വേഷിപ്പിക്കണം.

തൃശൂരിലെ ഹിമവര്‍ഷ കുറിസ്‌ കേരള ഭാഗ്യക്കുറിയുമായി കൈകോര്‍ത്ത്‌ നിക്ഷേപ പദ്ധതി എന്ന പരസ്യത്തിലൂടെ വരിക്കാരെ ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ലോട്ടറി ഡിപ്പാര്‍ട്ടുമെന്റ്‌ ഇതു നിഷേധിച്ചു. ഇതിനെ തുടര്‍ന്ന്‌ ധനശ്രീ സര്‍വീസ്‌ സൊസൈറ്റി തൃശൂര്‍ ഉപഭോക്തൃ ഫോറം മുന്‍പാകെ അഡ്വ. പി. പ്രമോദ്‌ മുഖാന്തിരം ഫയല്‍ ചെയ്‌ത കേസ്‌ കോടതി ഫയലില്‍ സ്വീകരിച്ചു. ഇതുപോലെയുള്ള അണ്‍ഫെയര്‍ ട്രെയ്‌ഡ്‌ പ്രാക്‌ടീസുകളാണ്‌ കുറി കമ്പനികള്‍ മിക്കവയും നടത്തുന്നത്‌.

യഥാര്‍ത്ഥത്തില്‍ ഒരു ചിട്ടി നടത്തിയാല്‍ ഫോര്‍മാന്‌ ലഭിക്കുന്നത്‌ അഞ്ച്‌ ശതമാനം മാത്രമാണ്‌ എന്നാല്‍ ഇവര്‍ക്ക്‌ ഇതിന്റെ പത്ത്‌ ഇരട്ടി വരുമാനമാണ്‌ ലഭിക്കുന്നത്‌. ഇതില്‍ പലതും കണക്കില്‍ പെടാത്തതും സര്‍ക്കാര്‍ നികുതി ഈടാക്കാത്ത പണവുമാണ്‌. സംസ്ഥാനത്ത്‌ നടത്തുന്ന നാലായിരത്തോളം ചിട്ടി കമ്പനികളില്‍ മൂവായിരം എണ്ണത്തോളവും തൃശൂര്‍ ജില്ലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കെ എസ്‌ എഫ്‌ ഇയുടെ കണക്ക്‌പ്രകാരം അവരുടെ ചിട്ടി പതിനാറായിരം കോടി രൂപയുടെതാണ്‌ എന്നു പറയുമ്പോള്‍ മറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കുറി കമ്പിനികളുടെ തുക നിശ്ചയിക്കുവാന്‍ കഴിയാത്തവിധം വലുതാണ്‌.

പ്രൈവറ്റ്‌ ലിമിറ്റഡ്‌ കുറി കമ്പനി എന്ന പേര്‌ ഉപയോഗിച്ച്‌ കമ്പിനിയുടെ ഒബ്‌ജെക്‌ടിന്‌ (പ്രധാന ഉദ്ദേശം) വിരുദ്ധമായി അവര്‍ കുറികള്‍ നടത്തുന്നു. അതായത്‌ കമ്പനി രജിസ്‌ട്രാര്‍ കുറി നടത്തുന്നതിനുവേണ്ടിയാണ്‌ അനുമതി കൊടുത്തിരിക്കുന്നതെങ്കിലും ഏതാണ്ട്‌ 90 ശതമാനം കമ്പനികളും സെന്‍ട്രല്‍ ചിട്ടി ആക്‌ടോ സ്റ്റേറ്റ്‌ ചിട്ടി ആക്‌ടോ അനുസരിച്ചുളള ഒരു കുറികളും നടത്തുന്നില്ല. പകരം കോണ്‍ട്രാക്‌റ്റ്‌ അനുസരിച്ചുളള പണമിടപാടാണ്‌ നടത്തുന്നത്‌. കമ്പനി രജിസ്‌ട്രാറുടെയും സെബിയുടെയും ഉദാസീനതയാണ്‌ ഇതിന്‌ കാരണം.

ഇതിനെ കുറിച്ച്‌ അന്വേഷണം നടത്തണെമന്ന്‌ ആവശ്യപ്പെട്ട്‌ കമ്പനി ലോ ബോര്‍ഡിനും സെന്‍ട്രല്‍ ഫൈനാന്‍സ്‌ മിനിസ്‌ട്രര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌. ചിട്ടി/ കുറി കേസുമായി ബന്ധപ്പെട്ട്‌ തൃശൂരിലെ ജില്ലയില്‍ മാത്രം അന്‍പതിനായിരത്തില്‍ പരം കേസുകള്‍ നിലവിലുണ്ട്‌. ഉപഭോക്തൃ കോടതിയില്‍ നിലവിലുളളതുമായ ഈ കേസുകള്‍ക്ക്‌ വര്‍ഷങ്ങളായിട്ട്‌ വിധി കല്‌പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

സെന്‍ട്രല്‍ ചിട്ടി ആക്‌ട്‌ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വന്നിട്ടില്ല. ജമ്മു, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഷോപ്പ്‌ ആക്‌ട്‌ അനുസരിച്ചുള്ള രൂപവും ഭാവവും ആണ്‌ ഉള്ളത്‌. ഇത്‌ ഫലപ്രദമായി മുതലെടുക്കുന്നതിന്‌ ഇവര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. കെ എസ്‌ എഫ്‌ ഇയുടെ ഇപ്പോഴത്തെ ചിട്ടി സ്വഭാവം ഇവര്‍ക്ക്‌ ഒരു മറയായി മാറിയിരിക്കുന്നു.

ഇത്തരം നിരവധി പരാതികള്‍ നിലവിലുള്ളപ്പോഴും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനാലാണ്‌ ധനശ്രീ സര്‍വീസ്‌ സൊസൈറ്റി രംഗത്തെത്തിയത്‌
കുറി സംബന്ധിച്ചുളള പരാതികള്‍‌ societydhanasree@gmail.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടേണ്ടതാണ്‌.

 
OTHER STORIES IN THIS SECTION
 പ്രൈസ്‌ ചിട്ടി കുറി കമ്പനിക്കെതിരെ കേസ്‌- അന്വേഷണം മന്ദഗതിയില്‍
 മലയാളം വിക്കിപീഡിയ
 സത്യത്തിന്റെ തുടര്‍ച്ച തൃശൂരിലും
 ക്ലബ്‌ മഹീന്ദ്ര മൂന്നാറിന്‌ ദേശീയ അംഗീകാരം
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com